Thursday, January 20, 2011

മീന്‍മണത്തിന്റെ രാഷ്ട്രീയം


ശങ്കരനാരായണന്‍ മലപ്പുറം
ബസ് കണ്ടക്‌റുടെ ജാതി അല്ലെങ്കില്‍ മതം ഏതെന്നു ചോദിച്ചാല്‍ അതിനു വ്യക്തമായ ഉത്തരം കിട്ടില്ല. ബസ് കണ്ടക്ടര്‍ക്ക് ഒരു നിശ്ചിത ജാതിയില്ല എന്നതു തന്നെ കാരണം. ബസ് കണ്ടക്ടറില്‍ നായാടിയും നമ്പൂതിരിയും എമ്പ്രാന്തിരിയും ഭട്ടതിരിയും നായരും വിളക്കില നായരും ചക്കാലനായരും തിയ്യനും കാവുതീയ്യനും പാണനും പറയനും പുലയനും ചെറുമനും ക്രിസ്ത്യാനിയും മുസ്‌ലീമും ജാതിമതത്തിലൊന്നും വിശ്വസിക്കാത്ത യുക്തിവാദികളുമുണ്ട്.
ഇതുപോലെത്തന്നെ ഡ്രൈവര്‍, പ്ലംബര്‍ ‍, ഇലക്ട്രീഷ്യന്‍, പെയ്ന്റര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും ജാതിയില്ല. ഇക്കൂട്ടരിലും മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളൊക്കെ ഉണ്ടാകും. ജാതിവ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഈ തൊഴിലുകളൊന്നും ഉണ്ടായിരുന്നില്ല. അഥവാ ജാതിവ്യവസ്ഥയില്‍പ്പെട്ട തൊഴിലുകളല്ല ഇവയൊന്നും. ഇതുകൊണ്ടാണ് ഈ തൊഴിലുകളില്‍ ജാത്യേതരം കണ്ടത്. കുറെയൊക്കെ സാമൂഹിക മാറ്റങ്ങള്‍ വന്ന ഈ സാഹചര്യത്തില്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറുടെ ജാതിയേതെന്നു ചോദിച്ചാല്‍ ഇതിനും ജാതിയില്ല എന്ന ഉത്തരമാണ് കിട്ടുക. മുകളില്‍ സൂചിപ്പിച്ച വിഭാഗക്കാരൊക്കെ ഈ ഓഫീസര്‍മാരായും ഉണ്ട്.
എന്നാല്‍ ബാര്‍ബറുടെ ജാതി അല്ലെങ്കില്‍ മതം ഏതെന്നു ചോദിച്ചാല്‍ ഇതിനു വ്യക്തമായ ഉത്തരമുണ്ട്. ഈ ജോലി വിവിധ മതങ്ങളിലെ നിശ്ചിത ജാതിക്കാര്‍ മാത്രമാണ് ചെയ്യുന്നത്. കള്ളുചെത്തുന്നവരുടെയും തേങ്ങയിടുന്നവരുടെയും ജാതിയേതെന്നു ചോദിച്ചാല്‍ ഇതിനും വ്യക്തമായ ഉത്തരമുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വന്ന തൊഴിലാളികളെ ഒഴിവാക്കിയാല്‍ ഞാറു പറിക്കല്‍, ഞാറു നടീല്‍ തുടങ്ങിയ കൃഷിപ്പണിക്കാര്‍ക്കും കൃത്യമായ ജാതിയുണ്ട്.
സമൂഹത്തില്‍ ഏറ്റവുമധികം ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുന്ന തൊഴില്‍ ജാതി വിഭാഗം ബാര്‍ബര്‍മാരാണ്
ഇതുപോലെ മീന്‍വില്‍പനക്കാരുടെ ജാതി ചോദിച്ചാലും ഇതിനും വ്യക്തമായ ഉത്തരം കിട്ടും. ഈ തൊഴിലുകള്‍ക്കെല്ലാം പ്രദേശങ്ങള്‍ക്കനുസരിച്ച് ചില മാറ്റങ്ങളുണ്ട്. മലപ്പുറത്ത് തെങ്ങുന്ന കയറുന്ന ജോലി ചെയ്യുന്നത് തിയ്യന്മാരാണ്. എന്നാല്‍ കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പരവ സമുദായക്കാരാണ് ഈ ജോലി ചെയ്യാറ്. മലബാറില്‍ മീന്‍കച്ചവടം ചെയ്യുന്നത് മുസ്‌ലീങ്ങളാണ്; മുസ്‌ലീം പുരുഷന്മാര്‍ മാത്രം. എന്നാല്‍ തിരുവനന്തപുരത്ത് ചില പ്രത്യേക ജാതിയിലോ വിഭാഗത്തിലോപെട്ട സ്ത്രീകളും മീന്‍ വില്‍പന നടത്തുന്നു.
ഒരു കണ്ടക്ടറെയും പ്ലംബറെയും പെയ്ന്ററെയും താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറെയും ആക്ഷേപിച്ചാല്‍ ആ വ്യക്തിയെ അല്ലെങ്കില്‍ ആ ജോലിയെ മാത്രമാണ് ആക്ഷേപിക്കുന്നത്. എന്നാല്‍ ബാര്‍ബര്‍പ്പണിയെയോ മീന്‍വില്‍പ്പന ജോലിയെയോ ആക്ഷേപിച്ചാല്‍ അത് ഒരു സമൂഹത്തിനെ മൊത്തം ആക്ഷേപിക്കുന്നതിന് തുല്യമായിരിക്കും.
എടാ നിനക്കൊന്നു കണ്ടക്ടറുടെ പണിക്ക് അല്ലെങ്കില്‍ പെയ്ന്റിംഗ് പണിക്ക് അതുമല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറുടെ പണിക്ക് പൊയ്ക്കൂടെ എന്നു ചോദിക്കുന്നതുപോലെയല്ല, എടാ നിനക്ക് മത്തിക്കച്ചവടത്തിനു പൊയ്ക്കൂടെ അല്ലെങ്കില്‍ ചെരക്കാന്‍ പൊയ്ക്കൂടെ എന്നൊക്കെ ചോദിക്കുന്നത്. കാരണം ഈ തൊഴിലുകള്‍ക്കെല്ലാം ജാതിയുണ്ട്.
സമൂഹത്തില്‍ ഏറ്റവുമധികം ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുന്ന തൊഴില്‍ ജാതി വിഭാഗം ബാര്‍ബര്‍മാരാണ്. സിനിമാക്കാരും സീരിയലുകാരും മിമിക്രിക്കാരുമൊക്കെ ഇക്കാര്യത്തില്‍ ഒരുതരം മത്സരം തന്നെ നടത്താറുണ്ട്. ചെരക്കുക, ചെരണ്ടുക, വടിക്കുക എന്നൊക്കെപ്പറഞ്ഞ് ബാര്‍ബര്‍ ജോലിയെ ആക്ഷേപിക്കുന്ന പദപ്രയോഗങ്ങളുള്ള സിനിമകള്‍ എത്രയോ ഉണ്ട്.
‘യോദ്ധ’ എന്ന സിനിമയില്‍ ഒരു ‘ഭയങ്കര തമാശ’യുണ്ട്. മലയാളമറിയാത്ത ഒരു കൊച്ചു കുട്ടിയെക്കൊണ്ട് അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെ (ജഗതി ശ്രീകുമാര്‍) ‘അമ്പട്ടന്‍’ എന്നു വിളിപ്പിച്ച് ‘തമാശ’പറയിപ്പിക്കുന്നുണ്ട് മറ്റൊരു കഥാപാത്രം (മോഹന്‍ ലാല്‍). ബാര്‍ബര്‍മാരെ ആക്ഷേപിച്ച് വിളിക്കുന്ന ഒരു പ്രയോഗമാണ് ‘അമ്പട്ടന്‍’. ഇതറിയാത്തവരല്ല ഈ സിനിമയെടുത്തവരും സിനിമയില്‍ അഭിനയിച്ചവരും. മാത്രമല്ല, ഇവരെയൊക്കെ സുന്ദരന്മാരാക്കുന്നത് ഈ ‘അമ്പട്ടനും’മറ്റുമല്ലേ? ഈ പ്രയോഗം വഴി ‘യോദ്ധ’യുടെ ആള്‍ക്കാര്‍ നിന്ദ്യവും നീചവും നികൃഷ്ടവുമായ ജാതി വ്യവസ്ഥയ്‌ക്കെതിരെ രംഗത്തു വന്ന ശ്രീബുദ്ധനെയും പരോക്ഷമായി ആക്ഷേപിക്കുന്നുണ്ട്. എന്തെന്നാല്‍ സിനിമയിലെ ഈ കൊച്ചു കുട്ടിക്ക് ബുദ്ധമത സന്ന്യാസി വിഭാഗവുമായി ബന്ധമുണ്ട്.
ഇങ്ങനെ ആക്ഷേപിക്കപ്പെടുന്ന മറ്റൊരു തൊഴില്‍ ജാതിയാണ് മീന്‍ വില്‍പനക്കാരും അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരും. മീന്‍, മീന്‍മണം, മീന്‍കാരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്നിലൊരുതരം വൈകാരികതയുണ്ടാകാറുണ്ട്. കാരണം ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ നാലോ അഞ്ചോ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ‘മീന്‍കാരിയും പൂക്കാരിയും ഒരു സവര്‍ണ കഥാകാരിയും’ എന്ന തലക്കെട്ടില്‍ 1999 ല്‍ എഴുതിയ ലേഖനം എന്റെ ബ്‌ളോഗില്‍ (http://www.sugadhan.blogspot.com/) പോസ്റ്റ് ചെയ്തത് കഴിഞ്ഞ മാസം 18 നാണ്.
1998 ലാണ് ‘മീന്‍ മണം’ എന്നെ ‘പിടികൂടുന്നത്’. സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ ‘തളിര്’മാസികയില്‍ (1998 ഡിസംബര്‍ ലക്കം) സുമംഗല എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാട് എഴുതിയ ‘മീന്‍കാരി’ എന്ന കഥയാണ്് ‘മീന്‍ മണത്തിന്റെ രാഷ്ട്രീയ’ത്തെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കഥാകാരിയുടെ നിലപാടിനെ ചോദ്യം ചെയ്ത് ഞാന്‍ 1999 ഫെബ്രുവരി 0115 ലക്കം ‘സമീക്ഷ’യില്‍ ലേഖനമെഴുതി.
മീന്‍ വില്‍ക്കുന്ന സ്ത്രീക്ക് ഉറക്കം വരണമെങ്കില്‍ മീന്‍മണം നിര്‍ബന്ധം എന്നു സ്ഥാപിക്കുന്ന കഥയായിരുന്നു ഇത്. നാണി എന്നു പേരായ മീന്‍കാരിയുടെ മീനൊന്നും വിറ്റു തീര്‍ന്നില്ല. നേരം വൈകി. കാറ്റും മഴയും വന്നു. ഇതുകാരണം വീട്ടിലെത്താന്‍ സാധിക്കില്ല. അവര്‍ അടുത്ത കണ്ട വീട്ടുകാരോട് അഭയം ചോദിച്ചു. അമ്പലത്തിലേക്ക് പൂമാലയുണ്ടാക്കിക്കൊടുക്കുന്ന ലക്ഷ്മി വാരസ്യാരുടെ വീടായിരുന്നു അത്.
അവര്‍ മീന്‍കാരിക്ക് കിടക്കാന്‍ ഇടം കൊടുത്തു. തൊട്ടടുത്ത മുറിയിലെ കൊട്ടകളില്‍ പൂവുകളുണ്ടായിരുന്നു. പൂവിന്റെ മണം കാരണം മീന്‍കാരിക്ക് ഉറക്കം വന്നില്ല. പൂവിന്റെ മണം മീന്‍കാരിക്ക് മനംപുരട്ടലുണ്ടായി. ഇങ്ങനെപോയാല്‍ താന്‍ മരിച്ചുപോകുമെന്നു മീന്‍കാരിക്ക് തോന്നി. അവരൊരു സൂത്രം ചെയ്തു. മീന്‍കൊട്ട തലയില്‍ കമഴ്ത്തി വച്ചു. മീന്‍മണം കിട്ടിയപ്പോള്‍ അവര്‍ക്ക് ഉറക്കം വന്നു. അവര്‍ സുഖമായി ഉറങ്ങി.
(അപ്പുറത്തെ മുറിയില്‍ അമ്പലത്തിലേക്ക് കൊടുക്കാനുള്ള പൂവാണെന്ന ധാരണയൊന്നുമില്ലാതെ മീന്‍കൊട്ട തലയില്‍ വച്ച് സുഖമായി കിടുന്നുറങ്ങുന്ന മീന്‍കാരി സംസ്‌കാര ശൂന്യ തന്നെ! യാതൊരു സംശയവുമില്ല!!) പിറ്റേന്ന് രാവിലെ വാരസ്യാരോട് നന്ദി പറഞ്ഞ് മീന്‍കാരി വീട്ടിലേക്ക് തിരിച്ചു. പക്ഷേ, മീന്‍നാറ്റം കാരണം വാരസ്യാര്‍ അപ്പോഴും മൂക്കുപൊത്തി നില്‍ക്കുകയായിരുന്നു. ഇതാണ് കഥയുടെ ചുരുക്കം.

ഈ കഥയില്‍ നാണി എന്നു പേരായ മീന്‍കാരി സംസ്‌കാരശൂന്യയും ലക്ഷ്മി വാരസ്യാര്‍ (ഈ പേരില്‍തന്നെയുണ്ടല്ലോ ഒരൈശ്വര്യം!) എന്ന പൂക്കാരി സംസ്‌കാര സമ്പന്നയുമാണെന്ന് സ്ഥാപിക്കുകയാണ് കഥാകാരി. കഥാകാരിക്ക് കറ കളഞ്ഞ ജാതി ചിന്തയുണ്ട് എന്ന് മസസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങളൊന്നും നടത്തേണ്ടതില്ല. മീന്‍കാരിയെ ‘അവള്‍’ എന്നും പൂക്കാരിയെ ‘അവര്‍’ എന്നും കഥാകാരി സംബോധന ചെയ്തതില്‍ നിന്നുതന്നെ ഇതു വ്യക്തമാകുന്നുണ്ട്.
വലിയൊരു കഥാകാരനല്ലെങ്കിലും ധാരാളം കൊച്ചു കഥകള്‍ ഞാനും എഴുതിയിട്ടുണ്ട്. ഭാവനയില്‍ നിന്നാണല്ലോ കഥ വരുന്നത്. പക്ഷേ, ഈ ഭാവനയിലും വേണ്ടേ കുറച്ചൊക്കെ പൊരുത്തങ്ങള്‍? നാണി എന്നു പേരായ മീന്‍കാരി മീന്‍കൊട്ട തലയില്‍ കമഴ്ത്തി സുഖമായി കിടന്നുറങ്ങിയെന്നാണല്ലോ കഥാകാരി പറയുന്നത്. ഇല്ല, അവര്‍ക്കൊരിക്കലും സുഖമായി ഉറങ്ങാന്‍ സാധിക്കില്ല. കാരണം അവരവിടെ വിരുന്നു ചെന്നതായിരുന്നില്ല.
രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്ത അമ്മയ്ക്ക്/ഭാര്യയ്ക്ക്/സഹോദരിക്ക്/മകള്‍ക്ക് എന്തു പറ്റി എന്നോര്‍ത്ത് അവരുടെ വീട്ടുകാര്‍ അങ്ങ് ദൂരെ വേവലാതിയോടെ കഴിയുകയാണ്. അവരുടെ വേവലാതിയെ ഓര്‍ത്ത് സ്വാഭാവികമായും മീന്‍കാരിക്കും കടുത്ത വേവലാതിയുണ്ടാകും. ഇങ്ങനെ വേവലാതിപ്പെടുന്ന കടലമ്മയുടെ മകളുടെ മനസ്സില്‍ തിരകള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കും. അവര്‍ക്കൊരിക്കലും സുഖമായി ഉറങ്ങാന്‍ സാധിക്കുകയില്ല. കഥാകാരിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ 2010 ഡിസംബര്‍ ലക്കം ‘പച്ചക്കുതിര’യില്‍ മീന്‍കാരിയായ ജനറ്റ് കഌറ്റസ് എന്ന അമ്മ പറഞ്ഞ വര്‍ത്തമാനങ്ങള്‍ സി.പി.അജിത പകര്‍ത്തിയെഴുതിയിട്ടുണ്ട്. ഈ അമ്മയോട് ചോദിച്ചാല്‍ അവര്‍ പഞ്ഞുതരും കാര്യങ്ങള്‍.
മീന്‍കാരിയെ ആക്ഷേപിക്കുവാന്‍ കഥാകാരിയെക്കാള്‍ മിടുക്കു കാണിച്ചത് കഥയ്ക്ക് ചിത്രം വരച്ച സിബി ജോസഫ് എന്ന ചിത്രകാരനാണെന്ന് പറയാവുന്നതാണ്. കാരണം, കഥാകാരി കഥയില്‍ പറയുന്നത്, മീന്‍കാരിക്ക് കിടക്കാന്‍ ഇടം കൊടുത്ത ചായ്പിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് പൂവട്ടികള്‍ വച്ചിരിക്കുന്നത് എന്നാണ്. പക്ഷേ, ചിത്രകാരന്‍ കഥാകാരിയോട് സമ്മതം ചോദിക്കാതെ തന്നെ മീന്‍കാരിയെ പിടിച്ചുകൊണ്ടു വന്ന് പൂവട്ടികള്‍ക്കിടയില്‍ കിടത്തുകയും മീന്‍ പൂവട്ടികള്‍ക്കരികെ ചൊരിയിപ്പിക്കുകയും ചെയ്തു!
മീന്‍കാരികള്‍ക്കും മറ്റും എതിരെയുള്ള ‘മീനമണത്തിന്റെ രാഷ്ട്രീയം’ പഠിക്കാന്‍ ഇടതു ചാനല്‍ തന്നെ നമുക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്നു!
കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി ബന്ധപ്പെട്ടും ഒരു ‘മീന്‍മണവും പൂമണവും’ ഉണ്ടായിട്ടുണ്ട്. ”പക്ഷേ, ചെമ്മീന്‍ കിള്ളുന്നതിനിടയിലും/വരും ജന്മത്തില്‍ മുല്ല പൂക്കുന്ന മണം പിടിക്കാന്‍/കൊച്ചീക്കാരത്തി കൊച്ചു പെണ്ണിനു കഴിയും” എന്ന് ‘ഭാഷാപോഷിണി’യിലെഴുതിയ കവിതയില്‍ ചുള്ളിക്കാട് പാടിയിട്ടുണ്ട്. ഈ ജന്മത്തില്‍ത്തന്നെ മൂല്ല പൂക്കുന്ന മണം പിടിക്കാന്‍ ചെമ്മീന്‍ കിള്ളുന്നവര്‍ക്കു സാധിക്കില്ലേ എന്നു ചോദിച്ച് ഈ നിലപാടിനെ എ.കെ. രവീന്ദ്രന്‍ ചോദ്യം ചെയ്തപ്പോള്‍ അതിനൊരു മറുപടിയും ചുള്ളിക്കാട് നല്‍കിയിരുന്നു.
സദാനന്ദന്‍ മുതലാളി എന്ന പേരായ ഒരു ചോവന്റെ വീട്ടില്‍ നിന്ന് പിറന്നാള്‍ സദ്യയുണ്ട കാര്യം ചുള്ളിക്കാട് ‘ചിദംബര സ്മരണ’യില്‍ വിവരിക്കുന്നുണ്ട്. വിഭവങ്ങളുടെ കൂട്ടത്തില്‍ ഇറച്ചിയും മീനും കണ്ടപ്പോള്‍ തനിക്ക് വിഷമം വന്നുവെന്ന് ചുള്ളിക്കാട് പറയുന്നുണ്ട്. കൂലി കിട്ടിയാല്‍ ദിവസവും ചാരായക്കടയിലേക്ക് ഓടുന്ന, വിപ്ലവകാരിയായ ചുള്ളിക്കാടിന് ആ സമയത്ത് ഓര്‍മ്മയില്‍ തെളിഞ്ഞത് ഗണപതിയും നിലവിളക്കും ചന്ദനക്കുറിയുമൊക്കെയാണ്. മാത്രമല്ല, സദാനന്ദന്‍ മുതലാളിയുടെ വീട്ടിലെ ‘വിലകൂടിയ ചില്ലു ഗഌസ്സില്‍ തങ്ങിനിന്ന മീന്‍മണവും എന്നെ വിഷമിപ്പിച്ചു’ എന്നും ചുള്ളിക്കാട് പറയുന്നുണ്ട്.
സുമംഗലയുടെ കഥയില്‍ ഞാന്‍ ജാതീയത കണ്ടു എന്ന് പ്രേമാ ജയകുമാര്‍ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലെഴുതുകയുണ്ടായി. കഥയിലുള്ള ജാതീയത ചൂണ്ടിക്കാണിച്ചതിലല്ല കഥയില്‍ ജാതീയത കുത്തിത്തിരുകിയതിലാണ് പ്രേമാ ജയകുമാര്‍ ശരി കണ്ടത്. പ്രേമാ ജയകുമാറിനെ കുറ്റം പറഞ്ഞുകൂടാ. ഒരു കൂട്ടരുടെ ശരി മറ്റൊരു കൂട്ടര്‍ക്ക് ശരിയാകണമെന്നില്ലല്ലോ.
‘ജയ്ഹിന്ദ്’ ചാനലില്‍ മിമിക്രി താരമായ സുബി ‘ചാളമേരി’ എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൊതുവെ കാണാന്‍ തമാശയുള്ള പരിപാടിയായിരുന്നുവെന്ന കാര്യം ശരി തന്നെ. പക്ഷേ, മീന്‍മണവും ചാളയും മീന്‍കാരിയും കടപ്പറവുമൊക്കെ ഇടയ്ക്കിടയ്ക്ക് കടന്നു വന്നു. മീന്‍ വില്‍പ്പക്കാരെയും അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന തൊഴില്‍ ജാതി വിഭാഗത്തെയും വല്ലാതെ ആക്ഷേപിക്കുന്ന ഒട്ടേറെ പദപ്രയോഗങ്ങള്‍ പരിപാടിയില്‍ മിമിക്രി താരം പറയുകയും അവരെക്കൊണ്ട് മറ്റുള്ളവര്‍ പറയിപ്പിക്കുകയുമുണ്ടായി. ‘ചാളമേരി’ എന്ന പ്രയോഗം തന്നെ ആക്ഷേപാര്‍ഹമാണല്ലോ!
‘ജയ്ഹിന്ദ്’ ചാനലില്‍ നിന്ന് നമുക്ക് ഏറെ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ, ‘കൈരളി’യുടെ കാര്യം ഇങ്ങനെയല്ലല്ലോ. ചാനലുകളിലെ പരിപാടികള്‍ ഞാന്‍ സ്ഥിരമായി കാണാറില്ല. കണ്ട പരിപാടികളില്‍ വച്ചു തന്നെ ധാരാളം പറയാനുണ്ട്. അപ്പോള്‍ സ്ഥിരമായി കണ്ടാല്‍ എന്തായിരിക്കും അവസ്ഥ? ഇടതുപക്ഷ ചാനലില്‍ നിന്നു ഇങ്ങനെയൊക്കെ വന്നാല്‍ പിന്നെ വലതുപക്ഷവും ഇടതുപക്ഷവും തമ്മില്‍ എന്താണ് വ്യത്യാസം?
‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ എന്ന പരിപാടിയില്‍ (03.11.2007), ഒരാള്‍ സിനിമാറ്റിക്‌സ് ഡാന്‍സ് ചെയ്യുകയാണ്. കൈകൊണ്ടുള്ള ആക്ഷന്‍ ഒരു പ്രത്യേക രീതിയിലായിരുന്നു. കത്രികകൊണ്ട് മുടി മുറിക്കുന്ന രീതിയില്‍. ഇതുകണ്ട് മറ്റൊരാള്‍ പറഞ്ഞത്, ‘അപ്പോള്‍ ഇതായിരുന്നു പണി!’ എന്നായിരുന്നു. മീന്‍കാര്യം പറയട്ടെ. ‘അയ്യെടി മനമേ’ എന്നൊരു പരിപാടിയുണ്ടായിരുന്നു.
12.04.2008 ലെ ഒരു പരിപാടിയില്‍ ഒരു ‘മീന്‍കാരന്‍’ കടന്നു വന്നു. പുതുപ്പണക്കാരനായി വിശേഷിപ്പിച്ച തങ്കപ്പന്‍ മുതലാളി എന്നയാള്‍ മുറ്റത്തെ തുളസിത്തറയെ പ്രദക്ഷിണം വച്ച് തുളസിയില നുള്ളിയെടുത്ത് ചെവിയില്‍ വയ്ക്കുന്നു. ഇതു കണ്ട ഒരാളുടെ കമന്റ്’ഇയാള്‍ക്ക് പണ്ട് മീന്‍ വില്‍പനയായിരുന്നുവെന്നാണല്ലോ കേട്ടത്’. അതെ, തുളസിയിലയും മുല്ലപ്പൂവുമൊന്നും മീന്‍കാരന്മാര്‍ക്കും മീന്‍കാരികള്‍ക്കും പറഞ്ഞതല്ല! ഇതിനൊക്കെ അവകാശമുള്ളവര്‍ മറ്റു ചിലരാണല്ലോ!!
നമ്മള്‍ ജീവിക്കുന്നത് ഐ.ടി.യുഗത്തിലാണ്. ഒരു വിരല്‍ത്തുമ്പിലൂടെ ലോകത്തിന്റെ ഗതിയറിയാന്‍ പറ്റുന്ന അവസ്ഥ. പക്ഷേ, ഈ ഐ.ടി.യുഗത്തിലും നമുക്കുള്ളത് അയിത്ത മനസ്സു തന്നെ. ‘അയ്യടി മനമേ!’യിലെ മറ്റൊരു ‘തമാശ’കൂടി നോക്കാം. പ്രത്യക്ഷത്തില്‍ ഒരു വ്യക്തിയെ പരിഹസിച്ചുകൊണ്ട് പരോക്ഷമായി ഒരു ജനവിഭാഗത്തെത്തന്നെ ആക്ഷേപിക്കുന്നതെങ്ങനെയെന്നു നോക്കാം. ദിവസം 09.12.2007. സമയം രാത്രി 9 മണിക്കും 9.30 നും ഇടയില്‍. ഗീര്‍വാണമടിക്കുന്ന ഒരു കഥാപാത്രം. ഈ കഥാപാത്രം നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ ചോദിക്കുന്നു: ‘അച്ഛന്‍ നമ്പൂതിരിയെ കമ്പ്യൂട്ടറില്‍ കാണുമോ?’. ഇതിന് മറ്റൊരാള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായം. ‘അയ്യോ! അട്ടപ്പാടിയില്‍ നമ്പൂതിരിമാരുണ്ടോ?’ മീന്‍കാരികള്‍ക്കും മറ്റും എതിരെയുള്ള ‘മീനമണത്തിന്റെ രാഷ്ട്രീയം’ പഠിക്കാന്‍ ഇടതു ചാനല്‍ തന്നെ നമുക്ക് ധാരാളം അവസരങ്ങള്‍ നല്‍കുന്നു!

Monday, December 6, 2010

ഒരു റാന്തല്‍ വെളിച്ചം…




ചരിത്രം കടന്നു ചെല്ലാത്തയിടങ്ങളുണ്ടാവും. ഇരുള്‍മൂടിയ സ്ഥലങ്ങള്‍, തെരുവുകള്‍, ചെറ്റപ്പുരകള്‍… ഇവിടെയൊക്കെ ജീവിതങ്ങളുണ്ട്. ജീവിതത്തോട് പൊരുതി നിന്നവര്‍, അവരുടെ സ്‌നേഹവും, സങ്കടങ്ങളും… അതും ചരിത്രമാണ്. ആ കാലത്തേയും ചരിത്രത്തോടൊപ്പം കൊളുത്തെടുക്കേണ്ടതുണ്ട്. കാലം മറന്നു പോയേക്കാവുന്നവരുടെ ജീവിതത്തിലേക്കും ചരിത്രത്തിലേക്കുമുള്ള അന്വേഷണമാണിത്. അവര്‍ ജീവിതം പറയുകയാണ് നാം കേട്ടിരിക്കുന്നു.. അത്രമാത്രം…

കോഴിക്കോട് മാനാഞ്ചിറയില്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി പുരാവസ്തുക്കള്‍ വില്‍ക്കുകയാണ് പി.എം അബ്ദുറഹ്മാന്‍. പാലക്കാട്ടുകാരനായ അബ്ദുറഹ്മാന്‍ സ്റ്റീല്‍ പാത്രം വില്‍ക്കാനാണ് കോഴിക്കോട്ടെത്തിയത്. പിന്നീട് പാത്രവില്‍പ്പന മാറ്റി പുരാവസ്തുക്കള്‍ ശേഖരിച്ചുള്ള വില്‍പ്പനയായി. മാനാഞ്ചിറ സ്വയറിലെ മരച്ചുവട്ടിലായിരുന്നു കച്ചവടം. മരം മുറിച്ചപ്പോള്‍ പിന്നെ റോഡരികിലേക്ക് മാറ്റി… ഇനി അബ്ദുറഹ്മാന്‍ പറയും, കോഴിക്കോടും പാലക്കാടും കൂടിക്കലര്‍ന്ന ഭാഷയില്‍…

പണ്ടൊക്കെ എല്ലാ വീട്ടിലും പോയാല്‍ സാധനങ്ങള്‍ കിട്ടുമായിരുന്നു. ഇന്ന് പത്ത് സാധനങ്ങള്‍ കിട്ടാനില്ല. കൊടുത്ത് കൊടുത്ത് മതിയായി. പത്ത് വീടുകളില്‍ കയറിയാല്‍ രണ്ട് സാധനം കിട്ടും. പത്തിരുപത് പീസ് കിട്ടണമെങ്കില്‍ രണ്ടാഴ്ചയോളം ലൈനില്‍ കറങ്ങണം. അതും അടുത്ത് സ്ഥലങ്ങളിലൊന്നുമില്ല. ഉള്‍പ്രദേശങ്ങളില്‍ മാത്രം. പാലക്കാടാണെങ്കില്‍ നെന്മാറ, കഞ്ചിക്കോട് അതിര്‍ത്തികളില്‍, റോഡില്‍ നിന്ന് വിട്ട് ഉള്‍പ്രദേശങ്ങളില്‍ അതായത് വയലുകളൊക്കെ കടന്ന് മനകളില്‍ എത്തണം. അവിടെ ചെന്നാല്‍ സാധനങ്ങള്‍ കിട്ടും. പിന്നെ ചില വീടുകളില്‍ എക്‌സ്‌ചേന്ഞ്ച് ചെയ്ത് വാങ്ങും. അവരുടെ സാധനങ്ങള്‍ വാങ്ങി പുതിയത് നല്‍കും. വില കൊടുത്ത് വാങ്ങിക്കാന്‍ പ്രയാസമാണ്.
ഗ്രാമഫോണ് ഇപ്പോ പഴയ മിഷിന്‍ വെച്ച് പുതിയത് സെറ്റ് ചെയ്യുകയാണ്. പഴയത് രണ്ട് മൂന്നെണ്ണമുണ്ട്്. പഴയത് ഉള്ളത് ഇവിടെ വെക്കാന്‍ പറ്റില്ല. എന്റെടുത്തുള്ളതിന് 14,000 രൂപ വില വരും. അത് 16,000 രൂപക്ക് വില്‍ക്കേണ്ടി വരും. അത് ആരും വാങ്ങൂല്ല. പക്ഷെ പഴയത് അറിയുന്നവര്‍ അത് വാങ്ങും. പഴയ മോഡലിന് 3000-4000 രൂപക്ക് വില്‍ക്കാനാകും.
പണ്ട് കാലത്ത് 25 കൊല്ലം മുമ്പ് പാത്രങ്ങള്‍ വിതരണം ചെയ്യലായരുന്നു എന്റെ പണി. പാത്രങ്ങള്‍ ഇന്‍സ്റ്റാള്‍മെന്റിന് കൊടുക്കല്‍. അങ്ങിനെ പോകുമ്പോള്‍ വീട്ടുകാര് എന്നോട് പറയാ… ഇന്ന സാധനം(പുരാവസ്തുക്കള്‍) കിട്ട്വോന്ന് നോക്ക് എന്ന്. അങ്ങിനെ ആ പരിപാടി തെറ്റില്ലാന്ന് തോന്നിയപ്പോഴാണ് കംപ്ലീറ്റ് സ്റ്റീല്‍പാത്രം ഉപേക്ഷിച്ചത്. മാനാഞ്ചിറ സ്‌ക്വയറിലെ മരത്തിന്റവിടെയായിരുന്നു ആദ്യം കച്ചവടം. മരം മുറിച്ച ശേഷം ഇവിടെയാണ്. അന്നത്തെ അത്ര കലക്ഷന്‍ ഇപ്പോളില്ല. ഉള്ളത് ഇവ്ട കൊണ്ട്വന്ന് വിക്ക്വ.
പഴയ വീടുകളെല്ലാം പൊളിച്ച് ഇപ്പോള്‍ ഫഌറ്റാണ്. പണ്ട് വീട് പൊളിച്ച് സാധനങ്ങള്‍ വിറ്റവരെല്ലാം ഇപ്പോള്‍ തിരിച്ച് ആവസ്യപ്പെട്വാണ്. പഴയത് വല്ലതുമുണ്ടെങ്കില്‍ കൊണ്ട് വരണമെന്ന്. പണ്ട് തട്ടുംപൊറത്തിട്ട് കെടന്ന സാധനാ ഇത്. പിന്നെ പൊറത്ത് വെച്ച് കാണുമ്പാ ഇതിന്റെ രസം കാണുന്നത്. അവര് ചോദിക്കുമ്പോ അത് കൊടുക്കാന്‍ പറ്റാത്ത വെഷ്മാണ് ഇപ്പോള്ളത്.
ഇപ്പോള്‍ ഫുള്‍ടൈം ഇത് തന്നെ വര്‍ക്ക്. സാധനങ്ങള്‍ കിട്ട്യാല്‍ സെയ്‌ലാകും. സാധനങ്ങള്‍ കിട്ടാനുള്ള വെഷ്മാണ്. വാങ്ങാന്‍ ആളുണ്ട്. ആവശ്യക്കാര്ണ്ട്. പക്ഷെ സാധനങ്ങളില്ല. പഴയ മോഡലില്‍ പുതിയതുണ്ടാക്കി കൊടുക്കേണ്ടി വരും. അത് നമ്മളെ മെറ്റല്‍ ഐറ്റംസില്‍ പറ്റൂല്ല. അങ്ങിനൊക്കെ പുടിച്ച് നിക്ക്വാണ്.
എഴുത്തോലകള്‍ കിട്ടീറ്റ്ണ്ട്. പക്ഷെ സംസ്‌കൃതത്തിലാ. സംസ്‌കൃതം നമ്മക്ക് അറിയൂലല്ലോ. പിന്നെ വാങ്ങാന്‍ വരുന്നോര്‍ക്ക് മനസിലാകും. എന്താ വെല എന്ന് ചോദിക്കും. അപ്പോ നമ്മള് രണ്ടായിരോ മുവ്വായിരോ ചോദിച്ചാല് ടെക്ക്ന്ന് എട്ത്ത് തരും. പിന്നീട് അവര് വന്ന് പറയും നിങ്ങള് തന്ന ഓല വളരെ ഉപകാരപ്പെട്ടു, മരുന്നുണ്ടാക്കിയെന്ന്. അത് അവര്‍ കംപ്യട്ടറിലെട്ത്ത്ട്ട് സപ്ലെയ് ചെയ്തിട്ട് പൈസണ്ടാക്കും.

പിന്നെ പണ്ട് കാലത്ത് കിട്ടിയതില്‍ ഒരു കിണ്ടി മാത്രമാണെന്റെട്ത്ത്ള്ളത്. അത് തങ്ങന്‍മാര് വെള്ളം ജപിച്ച് കൊടുക്ക്ന്നതാ. അതില്‍ ദേവനാഗിര ഭാഷയില്‍ എഴുതിയിട്ടുണ്ട്. കിണ്ടിന്റെ പൊറത്ത് ചിത്രപ്പണികളുമുണ്ട്. കിണ്ടി ഒരു മുറിയില്‍ വെക്ക്വാണ് ചെയ്യ. കിണ്ടിയെടുത്ത് പുറത്ത് വെക്കണമെന്ന് തങ്ങന്‍മാര്‍ പറയും. ആരെങ്കിലും വിഷം തീണ്ടി വരുന്നുണ്ടാവം അപ്പോള്‍. അത് അവര്‍ക്ക് അറിയാനാകും. ആ പാത്രമാണ് ഇപ്പോ എന്റെടുത്ത്ള്ള.് 25 കൊല്ലം മുമ്പ് കണ്ണൂര് പോയപ്പോ അറക്കല്‍ ഫാമിലീന്ന് കിട്ട്യതാണ്. അയിന്റൊരു പ്രത്യേകത കാരണം അതങ്ങനെ വെച്ച്ട്ട്ണ്ട്. ബാക്കിയെല്ലാം കൈമാറിക്കൈമാറിപ്പോയി. കിണ്ടി ഇപ്പോള്‍ കൊട്ക്കില്ല. അത് ഒരു സാധനല്ലേ ഉള്ളൂ. അതവ്‌ടെ കെടക്കട്ടേന്ന് കരുതി.
പിന്നെ ഒരു സപ്രമഞ്ചം കട്ടിലുണ്ടായിരുന്നു. അത്‌നെക്കുറിച്ച് പത്രത്തിലെ റിപ്പോര്‍ട്ട് വന്നു. ആ പത്രം അച്ചാര്‍ പൊതിഞ്ഞ് ഓസ്‌ട്രേലിയയിലേക്ക് അയച്ചു. ആ പത്രക്കഷ്ണം കണ്ട് ഓസ്‌ട്രേലിയയില്‍ നിന്ന ഒരാള്‍ വിളിച്ചു. അയാള്‍ പറഞ്ഞയച്ച ആള്‍ പിറ്റേന്ന് പുലര്‍ച്ചെ തന്നെ വീട്ടിലെത്തി പണം കൈമാറി സാധനവുമായി പോയി.
വീട്ടിലാണ് സാധനങ്ങള്‍ സൂക്ഷിക്കുന്നത്. സാധനങ്ങള്‍ കലക്ട് ചെയ്യുകയാണ് പ്രയാസം. പലരും വീട്ടിലേക്ക് കയറ്റില്ല. ചിലര് കൊടുക്കൂലയെന്ന് പറഞ്ഞ സാധനങ്ങള്‍ മറ്റ് പലരെയും കൊണ്ട് റെക്കമന്റ് ചെയ്യിച്ചാണ് സംഘടിപ്പിക്കുന്നത്.
സ്വദേശം പാലക്കാടാണ്. ഇവിടെ വന്നിട്ട് പത്ത് മുപ്പത് മുപ്പത്തഞ്ച് കൊല്ലമായി. അതുകൊണ്ട് കോഴിക്കോടുമായി നല്ല ബന്ധമാണ്. പഴയ കലക്ഷനില്ലല്ലോ അപ്പോ സാധനങ്ങളുമില്ല. കുട്ടികളൊക്കെ ഈ ജോലികൊണ്ട് പഠിച്ചു. അതാണ് ഇത്‌കൊണ്ട് കിട്ടിയ നേട്ടം. സാധനങ്ങള്‍ തീര്വാണ്. അതോട് ഞമ്മളും സൈഡാകും.

തയ്യാറാക്കിയത്: കെ എം ഷഹീദ്